ഓണം....
ഓർമ്മ കുറിപ്പുകൾ

ഓണം....

ഏതു തലമുറയിലെ മലയാളിക്കും, അവർ ഈ ലോകത്ത് എവിടെ ആയിരുന്നാലും, മനസ്സിൽ പൂക്കളങ്ങളായി വിരിയുന്ന ഗൃഹാതുരമായ ഓർമ്മകളാണ് ഓണം നൽകുന്നത് ...

ഇന്ന് രാവിലെ ചായക്കൊപ്പം ‌ കഴിച്ചത്, രണ്ടു നെയ്യപ്പം ആണ്. വളരെ വർഷങ്ങൾക്കു  ശേഷം ആണ് ഇങ്ങനെ.....സിറ്റിയിലെ കാറ്ററിംഗ്  സർവീസ് ൻ്റെ  കൃപയിൽ കുറച്ചു നെയ്യപ്പം വാങ്ങിയതാണ്....

രാവിലെ പൂക്കളും വാങ്ങി.... പൂക്കളം ഒരുങ്ങുന്നു....നാട്ടിൽ അനിയന്റെ കല്യാണം ആണ്....ഇന്ന്, ഉത്രാട ദിവസം.....25 പേർക്ക് പങ്കെടുക്കാം.....കോവിഡ് കാലത്തിന്റെ അപാരതകൾ .....

ഓർമ്മയിൽ, ഓണത്തെക്കുറിച്ചുള്ള ഏറ്റവും ഹൃദ്യമായ അനുഭവങ്ങൾ, പൂക്കൾ തേടിയുള്ള യാത്രകൾ ആയിരുന്നു... സ്കൂൾ അവധിക്കാലം....രാവിലെ കുളിച്ചു , അന്നത്തെ പൂക്കളം തീർത്തു , പ്രാതൽ കഴിച്ചെന്നു വരുത്തി, പുറപ്പെട്ടുകയായി....വീട്ടു മുറ്റത്തേയും, പറമ്പിലേയും വിരിഞ്ഞു നിൽക്കുന്ന പരിമളങ്ങളെ കണ്ടില്ലെന്നു നടിച്ചു , കൂട്ടുകാരോടൊപ്പം പായുകയായി .... നാട്ടിലെ ഭഗവതിക്കാവിനോട് ചേർന്നുള്ള കുന്നുംപുറം....അതിനു ചുറ്റുമുള്ള വള്ളിച്ചെടികളും കുറ്റിക്കാടുകളും നിറഞ്ഞ മേടുകൾ...ചെമ്മണ്ണ് നിറഞ്ഞ പാതകൾ....വെയിൽ തിളയ്ക്കുന്ന പകലിൽ, തിളങ്ങുന്ന തുമ്പപ്പൂക്കൾ...തുളസിക്കതിരുകൾ ....അരിപ്പൂ....അരളികൾ....തെച്ചി, ചെമ്പരത്തികൾ.....കദളിപ്പൂക്കൾ, ജമന്തി....വിടർന്നു ത്രസിച്ചു നിൽക്കുന്ന കോളാമ്പിപ്പൂക്കൾ.....പൂക്കളായ പൂക്കൾ അത്രയും പരന്നു പടർന്നു , അങ്ങനെ...ഒപ്പം നടക്കാൻ, വെയില് കൊള്ളാൻ, നാട്ടിലെ സൗഹൃദങ്ങളും....എല്ലാവര്ക്കും അവധിയുടെ, ഓണത്തിന്റെ, ലാഘവം നിറഞ്ഞ മനസ്ഥിതി......എല്ലാവരും വട്ടികൾ നിറയെ പറിച്ചെടുത്താലും പിറ്റേന്നും അതേ നിറവിൽ, പ്രഭയിൽ, പൂക്കൾ നീട്ടി പ്രകൃതി കനിഞ്ഞു നിന്നു ....

ഉച്ചയൂണിനു സമയം തെറ്റി, വെയിലിൽ വാടി, തിരിച്ചെത്തിയാൽ ആദ്യം ചെയ്യുക വെള്ളം ഇറ്റിച്ചു പൂക്കൾ നിരത്തി വയ്ക്കുകയാണ്.... നാളെ രാവിലെ വരേയ്ക്കും വാടാതെ , മങ്ങാതെയിരിക്കാൻ.....രണ്ടു പപ്പടം പൊട്ടിച്ചു, സാമ്പാറിൽ കുഴച്ചു, രണ്ടുരുള ചോറുണ്ടെന്നു വരുത്തി, വീണ്ടും പായുകയായി .... ഇത്തവണ സ്വന്തം പറമ്പിലേക്ക്....അവിടം അരിപ്പൂക്കളുടെയും, കാശിത്തുമ്പകളുടെയും, കൃഷ്ണതുളസികളുടെയും വിളനിലം ആയിരുന്നു....ഒപ്പം അനവധി നിറങ്ങളിലുള്ള തുമ്പികളും, പൂമ്പാറ്റകളും....പേടിച്ചു പാഞ്ഞു പോകുന്ന മഞ്ഞചേരകൾ....മരക്കൊമ്പിലിരുന്ന് തല ചെരിച്ചു സൂക്ഷ്മം വീക്ഷിക്കുന്ന ഉപ്പന്മാർ....ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമേ അല്ലെന്നു മേനി പറഞ്ഞു പാഞ്ഞു നടക്കുന്ന അണ്ണാറക്കണ്ണന്മാർ....ആത്മാർത്ഥതയുടെ പര്യായ പദങ്ങൾ പോലെ നിര നിരയായി അച്ചടക്കത്തിൽ നിരങ്ങി നീങ്ങുന്ന ചോണനുറുമ്പുകൾ....കരിവണ്ടുകൾ....അകമ്പടിക്കാർ ഏറെയായിരുന്നു പൂപറിക്കൽ യജ്ഞങ്ങൾക്ക് ....

വൈകുന്നേരത്തെ ചായക്ക്‌, അമ്മ കനത്തിൽ വറുത്തെടുത്ത കായുപ്പേരി....ഒപ്പം പല്ലിൻ്റെ  ബലം പരീക്ഷിക്കാൻ ചീടകൾ .... പപ്പടവട.... പപ്പടവട പൊട്ടിച്ചു ചൂടു പുട്ടിൽ ചേർത്ത് കഴിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ദോശയ്ക്കും ചമ്മന്തിയ്ക്കും ഒപ്പം? - കടുപ്പമേറിയ ചൂടു ചായയുടെ അകമ്പടിയോടെ? പഴം നുറുക്കും, തേങ്ങാപ്പൂളും, ശർക്കരയും ? നല്ലപോലെ പഴുത്ത പൂവൻ പഴവും മൊരിഞ്ഞ പരിപ്പുവടയും? ഇതൊക്കെ ആയിരുന്നു വൈകുന്നേരത്തെ ചായയുടെ അകമ്പടികൾ... ഓ, മറന്നു.... പിന്നെ, ശർക്കരയും തേങ്ങയും, അല്ലെങ്കിൽ പഞ്ചസാരയും തേങ്ങയും നിറച്ചു വാഴയിലയിൽ ചുട്ടെടുക്കുന്ന അടകൾ .... മുത്തച്ഛന് തേങ്ങാ മാത്രം നിറച്ചത്......

രാവിലെ അഞ്ചിനുണർന്നു, കുളിച്ചു പൂക്കളം ഒരുക്കുകയായി .....2  മണിക്കൂർ എങ്കിലും നീളുന്ന യജ്‌ജം ....നമ്മുടെ മുറ്റത്തെ പൂക്കളം തയ്യാറായാൽ അയലത്തേക്ക് .... സൗഹൃദങ്ങളുടെ അനേകം പൂക്കളങ്ങൾ.....പിന്നെ മറ്റൊരു ദിവസം തുടങ്ങുകയായി .... കാവിലെ കുന്നുംപുറത്തേക്കു.....

ഒരു കാര്യം കൂടി ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു....എല്ലാ തിരുവോണ നാളിലും, ഉച്ചയൂണിനു മുൻപ്, ഓണമുണ്ണാൻ ഒരു അതിഥി എത്തിയിരുന്നു... ഓരോ ഓണത്തിനും, മുൻമ്പ് കാണുകയോ അറിയുകയോ ചെയ്യാത്ത ഒരതിഥി... ഓരോ ഓണത്തിനും ഓരോ ആൾ...വിശന്ന് , ദൈന്യത നിറഞ്ഞ മുഖത്തോടെ....മുഷിഞ്ഞ വസ്ത്രങ്ങളിൽ.... വലിയ ഇലയിൽ നിറഞ്ഞ വിഭവങ്ങൾ ആസ്വദിച്ച്, അനന്തമായ ക്ഷമയോടെ , ആ അതിഥി ആണ്, ആദ്യം ഓണം ഉണ്ണുക.... വൈകിട്ടത്തെ പകർച്ചയും വാങ്ങി, ആ അതിഥി പോയതിനു ശേഷം, വീട്ടുകാരുടെ ഊഴം.... നിറഞ്ഞ മനസ്സോടെ.....

എവിടെ നിന്നൊക്കെയോ കൃത്യമായി ഓരോ ഓണ നാളിലും ഒരതിഥി വന്നു കൊണ്ടിരുന്നു... ഓണമുണ്ട് മടങ്ങിക്കൊണ്ടിരുന്നു....

കാലങ്ങൾ എത്ര മാറി... എത്ര വർഷങ്ങൾ പെയ്തൊഴിഞ്ഞു പോയി....വരൾച്ചകളും, പേമാരികളും, ഉരുൾ പൊട്ടലുകളും, മുല്ലപ്പെരിയാറിനെ കുറിച്ചുള്ള ആശങ്കകളും പിന്നെ നമ്മുടെ സ്വന്തം എത്രയോ ഹർത്താലുകളും.....

ഇന്നീ ഉത്രാട നാളിൽ, പഴയ സൗഹൃദങ്ങൾ മനസ്സിൻ്റെ മുറ്റത്തു നിരന്നിരുന്ന് പൂക്കളങ്ങൾ തീർക്കുന്നു.... ഓർമ്മകളുടെ ഓണപ്പൂക്കൾ.....

വർഷത്തിൽ ഒരിക്കൽ എങ്ങു നിന്നോ എത്തിച്ചേർന്നേക്കാവുന്ന ആ ഒരതിഥി, അതാരാണ്....ഏത് ഓണക്കാലത്തിനാണ് അവൻ്റെ കണ്ണുകളിലെ ദൈന്യത തുടച്ചു നീക്കാനാവുക? മാനുഷികതയുടെ ഏതു തൂശനിലയിൽ ആണ്, അവന്റെ വിശപ്പുകൾ എന്നേക്കുമായി മാറാൻ, സദ്യ വിളമ്പുക....

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.... അവൻ വരട്ടെ.... അവൻ്റെ വയറു നിറച്ചിട്ടു വേണം, നമുക്കും നിറയെ ഉണ്ണാൻ .... ഭഗവതിക്കാവുകൾ ഇനിയും പൂക്കളാൽ നിറയട്ടെ.... ചെമ്മണ്ണ് പുരണ്ട കാലുകൾ, പുതിയ സൗഹൃദങ്ങളിലേക്കു നടന്നു കയറട്ടെ.... എല്ലാവർക്കും, നന്മകൾ വരട്ടെ.....

Sign in to leave a comment
ലോക്ക് ഡൗൺ
Vinu VD