ഓണത്തെ കുറിച്ച് പറയുമ്പൊ എന്താ പറയുക ? 'ഓണം...മലയാളക്കരയുടെ മഹനീയ സങ്കല്‍പ്പം അല്ലെലെല്ലാം മറന്ന് മാവേലി മന്നനെ എതിരേല്‍ക്കുന്ന കാലം. മലയാളക്കരയുടെ സുന്ദര സുമോഗന സ്വപ്നം... എല്ലാം ഇന്ന് ഇന്നലയുടെ ഇരുളില്‍ മറഞ്ഞ് പോയിരിക്കുന്നു...' പണ്ടത്തെ തരംഗിണിയുടെ ഓണകാസ്സറ്റില്‍ കേട്ട് മറന്ന വാക്ക് ശകലങ്ങൾ...
എല്ലാ വര്‍ഷവും ഓണമാകുമ്പൊ ആദ്യം ഓര്‍മ്മ വരുന്ന വാക്കുകളാണിവ... ഇന്നും ഇതിന് പതിവ് തെറ്റുന്നില്ല.
ഓലകൊണ്ട് മെനെഞ്ഞ പൂക്കൊട്ടകളില്‍ തുമ്പയും പിന്നെ നല്ല വയലറ്റ് നിറമുള്ള കോഴിപ്പൂവും കാടായാ കാടൊക്കെ കറങ്ങി ഓടി നടന്ന് പൂ പറിച്ചിരുന്ന ഒരു ബാല്യം മുന്നില്‍ തെളിയുന്നു.വയലറ്റും വെളളയുമായ ഈ നിറങ്ങള്‍ പൂക്കളത്തില്‍ എടുത്തു കാണിക്കുമെന്നാണ് പൂക്കളമൊരുക്കുന്നതില്‍ ഗുരുവും വരകളുടെ രാജാവുമായ ഇളയച്ഛൻ രഘുപാപ്പന്‍ പറയാറ്..
ഓണത്തിന് മുടങ്ങാതെ എല്ലാ വർഷവും നടക്കുന്ന പൂക്കള മൽസരങ്ങളാണു കുട്ടികളായ ഞങ്ങൾക്ക് എന്നു ആവേശം. അതിന്റെ ഒരുക്കങ്ങൾ അവിട്ടം നാളിലെ തുടങ്ങും.
കൂട്ടുകാരായ അഞ്ചനും ചിത്രനും എവിടെയാണു ഇത്തവണ കൂടുതൽ പൂക്കളുകൾ കിട്ടുകയെന്നു കണ്ടുപിടിച്ചു പറഞ്ഞു തരും.
"ടാ പ്രുത്തി കാടിനു സൈഡിൽ റേഷൻ പീഡികയിലെ കുമാരാട്ടന്റെ വീടിനു അടുത്തു കുറെ തുമ്പയുണ്ടു ഇത്തവണ. കോഴിപ്പൂവിനു ഇപ്പ്രാവിശ്യവും ആണു നാണിയേടത്തിയുടെ കാലു പിടിക്കേണ്ടി വരുമെന്ന തോന്നുന്നതു. വേറെ ഒരു പറമ്പിലും അതില്ല". അഞ്ചൻ പൂക്കൾ എവിടെയൊക്കെ ഇത്തവണ കിട്ടുന്നതിനെ പറ്റി വാചാലനാകും.
പൂക്കള മല്‍സരങ്ങളില്‍ നമ്മുടെ മുഖ്യ എതിരാളി കണ്ടോത്തുള്ള മൂത്തച്ഛന്റെ കുടുംബമായിരുന്നു. മൂത്തച്ഛന്റെ മൂത്ത മകന്‍ മോഹനാട്ടന്‍ നന്നായി വരക്കുന്ന ആളായിരുന്നു.ക്രിസ്തുമസ്സിനൊക്കെ പുള്ളിക്കാരന്‍ വരച്ച പടങ്ങളായിരുന്നു ഗ്രീറ്റിംഗ് കാര്‍ഡായി കിട്ടാറ്. പിന്നെ തലയില്‍ വരച്ചിട്ടുണ്ടെന്ന് പറയുമ്പോലെ ഒരു കഴിവും ഉണ്ടെന്ന് പറയാം.
വായനശ്ശാലയില്‍ പാച്ചപ്പൊയ്ക ടൈംസ്സ് എന്ന പേരില്‍ ഒരു വീക്കിലി പത്രം ഞങ്ങളെറക്കിയിരുന്നു. അതിലെ ന്യൂസ് ഞാനും മോഹനാട്ടെന്റെ അനിയന്‍ രഞ്ചിയാട്ടനും കൂടിയായിരുന്നു കമ്പൊസ്സ് ചെയ്യാറ്. സമകാലീന നാട്ടു വാർത്തകൾ സത്യസന്ധമായി വളച്ചൊടിവില്ലാതെ പ്രസിദ്ധീകരിച്ചു വന്നിരുന്നു. വായനശാല പുതുക്കി പണിതതിലെ തിരിമറിയും റോഡിനിരുവശങ്ങലിൽ മരം നട്ടു പിടിപ്പിച്ച സുഗുതാട്ടന്റെ സാമൂഹിക പ്രവ്രുത്തികളും ഒളിച്ചോടിയ കിട്ടാട്ടന്റെ മകൾ ഇപ്പൊ എവിടെയുണ്ടെന്നുള്ള കുറ്റ്വാന്നേഷണങ്ങളും പത്രത്തിൽ നിറഞ്ഞു നിന്നിരുന്നു.
പത്രത്തില്‍ മാന്‍ഡ്രേക്ക് എന്ന കാര്‍ട്ടൂണ്‍ മോഹനാട്ടനയിരുന്നു വരച്ചിരുന്നത്. നാട്ട് പ്രമാണിമാരുടെ ഉറക്കം കെടുത്തിയ ഒരു കാര്‍ട്ടൂണ്‍ പരമ്പര ആയിരുന്നു അത്. പ്രമാണികളായ കള്ളുഷാപ്പുടമ നാണു, തെങ്ങു മുതലാളി ചന്ദ്രൻ, കോൺട്രാക്ട്ടർ വാസു എന്നിവരുടെ ചെയ്തികളെ പറ്റിയുള്ള പച്ചയായ ഒരു നർമ്മാവിഷ്ക്കാരമായിരുന്നു കാർട്ടൂണിലൂടെ നാട്ടുകാർക്ക് കാട്ടി കൊടുത്തത്.
ഇതിനു പിന്നിൽ ഞങ്ങളാണെന്ന് നാട്ടിൽ പരസ്സ്യമായ ഒരു രഹസ്സ്യം ആയിരുന്നു. പാനുണ്ട റോഡിലൂടെ ഒരു വൈകുന്നേരം വായനശ്ശാലയിലേക്ക് നടന്നു പോകുമ്പോ, കറുത്ത അമ്ബാസിഡർ സൈഡിൽ വന്ന് നിർത്തി. പിൻസ്സീറ്റിൽ നിന്നു തല പുറത്തിട്ടു കൊണ്ടു ചന്ദ്രാട്ടൻ. "നീ കിഴക്കേലെ രവിയാട്ടന്റെ മോനായിപ്പൊയി, അല്ലെങ്കില് നിനക്കൊരു പെട തന്നേനെ."
"എന്താ ചന്ദ്രാട്ടാ കാര്യം ?" ഒന്നുമറിയാത്തവനെ പോലെ ചോദിച്ചു.
"നിനക്കൊന്നും അറീല്യ അല്ലേ ? നീയും നിന്റെ യൊരു പത്രവും . മുട്ടെന്നു വിരിഞ്ഞില്ല അപ്പൊ തന്നെ തുടങ്ങി. മോഹനന്റേയും രഞ്ചീന്റെ കാര്യം ഞാൻ കുമാരൻ മാഷോട് പറഞ്ഞോളാം." അതും പറഞ്ഞു കഴുത്ത് ഉള്ളിലേക്കിട്ട് ചന്ദ്രാട്ടൻ പോയി.
കാർ മുന്നോട്ട് ഇരമ്പി പോകുമ്പോ റോഡ് ടാർ ചെയ്യാനിട്ട കരിങ്കല്ലിലൊരെണ്ണം എടുത്ത് കാറിന്റെ പുറകിലേത്തെ ഗ്ലാസ്സിൽ എറിഞ്ഞാലോ എന്നാലോചിച്ചു പൊയിരുന്നു.
ഞായറാഴ്ച്ച രാവിലെയാണ് പത്രം വായനശ്ശാലയില്‍ എത്തുന്നത്. ചില ആഴ്ചകളില്‍ ഒച്ചയാകുമ്പോഴേക്കും പത്രം അപ്രത്യക്ഷമാകും. മിക്കവാറും മോഹനാട്ടന്റെ കാര്‍ട്ടൂണാകും വിഷയം. ഒറ്റ കോപ്പിമാത്രമുള്ള പത്രം എവിടേന്ന് നാട്ടുകാര് ചോദിക്കുമ്പോ അത് പ്രമാണിമാരുടെ വീട്ടില്‍ കാണും എന്ന് പറയാനെ പറ്റാറുള്ളു.
"നമുക്ക് കൂത്തുപറമ്പിൽ നാഷണൽ പ്രസ്സിൽ പോയി കുറെ കൂടി കോപ്പികൾ എടുക്കണം" ആകെയുള്ള ഒരു കോപ്പി പോയ ദേഷ്യത്തിൽ രഞ്ചിയാട്ടന്‍ പറഞ്ഞെങ്കിലും അതൊന്നു പിന്നെ നടന്നില്ല...
ഓണമാകുമ്പോ വായനശ്ശാല ഓണാഘോഷങ്ങൾ ആയിരിക്കും പത്രത്തിൽ നിറഞ്ഞു നിൽക്കുക. അതിൽ പ്രധാനമായും പൂക്കള മൽസ്സരത്തെ കുറിച്ചുള്ള വാർത്തകളായിരിക്കും.
സത്യം പറഞ്ഞാല്‍ മോഹനാട്ടനും രഘുപ്പാപ്പനും വരക്കുന്ന ഡിസൈനിലാണ് പൂക്കളതിന്റെ മര്‍മ്മമിരിക്കുന്നത്. രണ്ട് വീട്ടുകാര്‍ക്കും ഒന്നും രണ്ടും സമ്മാനങ്ങള്‍ മാറി മാറി കിട്ടാറുണ്ട്. .പാച്ചപ്പൊയ്ക വായനശ്ശാലയുടെ ആഭിമുഖ്യത്തിലായിരുന്നു മല്‍സരങ്ങള്‍ നടത്തിയിരുന്നത്.
ഓണത്തിന്റെ പൂക്കള മല്‍സരത്തിന് സമ്മാനം കിട്ടുക എന്നത് ചില്ലറ കാര്യം ഒന്നുമായിരുന്നില്ല.മിക്കവാറും ഒരു ഇരുപതിനടുപ്പിച്ച് ടീം ഉണ്ടാകും മല്‍സരിക്കാന്‍. മാവേലിയോടൊപ്പം പൂക്കളം കാണാന്‍ നമ്മളും പോകും.
കുടവയറൻ പ്രേമാട്ടനായിരിക്കും മിക്ക വർഷങ്ങളിലും മാവേലി ആയി വേഷം കെട്ടുക. പട്ടാളത്തിൽ നിന്നു ഓണാവധിക്ക് മുറ തെറ്റാതെ അങ്ങേരെത്തും. സുഗതാട്ടനായിരിക്കും പുലി വേഷക്കാരെ ഒരുക്കുന്നത്. പൂക്കളം ജഡ്ജിമാരും കൂടെയുണ്ടാകും.
ഒന്നാം ഓണത്തിന്റെ രാവിലെയാണ് മൽസ്സരം. മിക്കവാറും എല്ലാ വർഷങ്ങളിലും കൊച്ചി ഷിപ്പിയാർഡിൽ ജോലി ചെയ്യുന്ന രഘുപാപ്പൻ രണ്ടു മൂന്നു ദിവസം മുന്നെ എത്തും. ചില വർഷങ്ങളിൽ പൂക്കള മൽസ്സരത്തിന്റെ വെളുപ്പിനു കണ്ണൂർ എക്സ്പ്രസ്സിനു വരും. ആളെത്തുന്നതു വരെ ടെൻഷനാണ്. വീട്ടിലെത്തിയാൽ ചെറിയൊരു ചിരിയൊക്ക്കെ പാസ്സാക്കി. ഏതൊക്കെ പൂക്കളാണുള്ളത് എത്രയൊക്കെയുണ്ട് എന്നൊക്കെയുള്ള ഒരു കണക്കെടുക്കും.
"ഊം.. പൂവൊക്കെ കുറവാണല്ലൊ ഇത്തവണ...ഫസ്റ്റ് കിട്ടിയില്ലെങ്കിൽ എന്നെ പറയരുത്" എല്ലാ വർഷങ്ങളിലുമുള്ള പതിവു ജാമ്യം എടുക്കലാണു.
ഇതു കേട്ടിട്ട് അച്ചമ്മ വരും. "കുറെ ദിവസമായി നിന്നെം കാത്ത് നിക്കാ തുടങ്ങിയിട്ട്, ഞി ഓനെ വെറുതെ സങ്കടപെടുത്തേണ്ടാ"
"നോക്കട്ടെ.." എന്നും പറഞ്ഞു കുറെ സമയം കോലായിൽ ചോക്കും പിടിച്ചു നിൽക്കും. പിന്നെ ഒരറ്റത്തു നിന്നു ചോക്കു വച്ചു വര തുടങ്ങും. അശോക വിലാസം എൽ പി സ്കൂളിലെ രമ ടീച്ചറുടെ കാലു പിടിച്ചാലാണ് ഒരു കഷ്ണം ചോക്ക് കിട്ടുക.
"ഇത്തവണ എന്തിനെ പറ്റിയാണ് വരക്കുന്നത് ?" ഒരു വിദ്യാർഥിയുടെ ആകാംഷയോടെ ചോദിക്കും.
സമാധാനം, കേരളം, മാവേലി, സ്ത്രീ, കുട്ടികൾ ഇതൊക്കെയാണു പതിവു കളങ്ങളിലെ ഡിസൈനുകൾ.
"വരച്ചു കഴിയട്ടെ, അപ്പൊ പറയാം" കളത്തിൽ നിന്നു മുഖമെടുക്കാതെ രഘുപാപ്പൻ പറയും.
പൂക്കളത്തിനു കുറെ നിബന്ധനകളുണ്ട്. ഇലകളൊന്നും ഉപയോഗിക്കരുത്. പൂവിനിടയിലൂടെ തറ കാണരുത്, കടയിൽ നിന്നു വാങ്ങിയ പൂക്കളിട്ടാൽ മാർക്ക് കുറക്കും. അങ്ങിനെ പോകുന്നു നിബന്ധനകൾ.
ഇതിൽ നെൽ വരി ഇടാം അതിനു കുഴപ്പമില്ല എന്നു വർഷങ്ങളായുള്ള ചട്ടങ്ങളാണ്. നെൽ വരി ഇലയുടെ ഗണത്തിൽ പെടുന്നതല്ലെയെന്നുള്ള തർക്കങ്ങൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട്.
തലക്കാണത്തെ നെൽ വയലിൽ മൂത്തച്ചന്റെ വയലിൽ നിന്നു വരി പറിക്കില്ല. അതിനു അടുത്തുള്ള കോവാലാട്ടെന്റെ കണ്ടത്തിൽ കയറിയാണ് മിക്കവാറും പറിക്കുക. മുട്ടോളം ചളിയിൽ നിന്നു വേണം ഓരോന്ന് പിഴുതെടുക്കാൻ.വരമ്പത്തൂടെ ആരെങ്കിലും വരുന്നത് കണ്ടാൽ കൂട്ടുകാരൻ അഞ്ചൻ സിഗ്നൽ തരും അപ്പൊ കണ്ടത്തിൽ ഇരുന്നോളണം. ചളിയും നെല്ലും തട്ടി ചൊറിയാനും തുമ്മാനും തുടങ്ങും. അതൊക്കെ പിടിച്ചു വച്ചു അനങ്ങാതെ ഇരിക്കും. ആളു പോയാൽ അഞ്ചൻ പറയും "ങാ പൊങ്ങിക്കൊ പൊങ്ങിക്കോ"
വരി ഇട്ടാൽ പൂക്കളത്തിനു നല്ലൊരു കട്ടി തോന്നും. അത് എങ്ങിനെ ഇടണമെന്നു പറഞ്ഞു തന്നതു മോഹനാട്ടാണ്. "എതിരാളികൾക്ക് ഇതൊന്നും പറഞ്ഞു കൊടുക്കാൻ പാടില്ല" എന്നും പറഞ്ഞാണ് രഹസ്യം പറയുക.
വയൽ വരമ്പുകളിലാണ് കൂടുതൽ തുമ്പ പൂക്കൾ കാണുക. നല്ല ക്ഷമയോടെ തുമ്പ പറിക്കാൻ പറ്റുള്ളു. സന്ധ്യക്ക് വിളക്ക് വെക്കുന്നതിന് മുമ്പെ വീട്ടിലെത്തണമെന്നു അച്ചമ്മയുടെ നിബന്ധനയുള്ളതുകോണ്ട് ചിലപ്പോ തുമ്പ് ചുവടോടെ പറിച്ചെടുക്കും.
വീട്ടിലുള്ളതും പിന്നെ അയലത്തുള്ള വീടുകളിലെ പൂക്കളും മൽസരത്തിന്റെ രാവിലയേ പറിക്കു. അയലത്തെ ദെച്ചുയേടത്തിയോടും ശശിയാട്ടനോടും ബീവി ഉമ്മയോടും മുന്നെ പറഞ്ഞു വെക്കും. ചെമ്പരത്തി, തെച്ചി, മന്ദാരം, മല്ലിക തുടങ്ങിയ പൂക്കളാണു പുലർച്ചെ എഴുന്നേറ്റ് പോയി പറിക്കുക.
പൂവിടാൻ ഒരു പത്തോളം പേരെങ്കിലും കാണും. നെൽ വരി ഉതിർക്കുക, ചെമ്പരത്തി ചെറുതായി മുറിക്കുക, തെച്ചിയുടെയും മല്ലികയുടെയും ഇതളറുത്തിടുക എന്നിങ്ങനെ ഒരു കൂട്ടമാളുകൾ ചെയ്യുമ്പോ ബാക്കിയുള്ളവർ പതുക്കെ കളത്തിന് മേലെ പൂവിട്ട് തുടങ്ങും. ഏത് നിറം ഏത് പൂവ് എന്നതിനെ കുറിച്ചു തർക്കം വരും. ചിലപ്പൊ ഇട്ടു കഴിഞ്ഞ ചുകന്ന ചെമ്പരത്തി മാറ്റി തെച്ചി പൂക്കൾ ഇടും.മന്ദാരം മാറ്റി തുമ്പ് പൂവിടും. അങ്ങിനെ പോകുന്നു മാറ്റങ്ങൾ...
മിക്കവാറും എല്ലാ വർഷങ്ങളിലും മാവേലിയുടെ കൂടെയുള്ള ചെണ്ട മേളം വീട്ടിനടുത്തു വരുന്ന വരെ പൂവിടും. ചിലപ്പോ ചെറു വിളക്കുകൾ പൂവിനു ചുറ്റും കത്തിച്ചു തീരുന്നത് മാവേലിയും കൂട്ടരും വീട്ടു മുറ്റത്തെത്തുമ്പൊഴാണ്.
പൂക്കളിന്റേയും വിളക്കുതിരിയുടേയും എല്ലാം കൂടിയ ഒരു സുഗന്ധം ഇപ്പോഴും ഒരു നനുത്ത ഓർമ്മയായി മനസ്സിൽ തങ്ങിനിൽക്കുന്നു.
"ആ..ഇതു കൊള്ളാമല്ലോ..." പൂക്കളം നോക്കി മാവേലി പറയുമ്പൊ അച്ഛമ്മയുടെ മറുപടി പുറകിൽ നിന്നു കേൾക്കാം. "ഇതാ ഇവനാ നാടു മുഴുവൻ തെണ്ടി നടന്നു പൂ പറിക്കലും ആളെ പിടിക്കലും ചെയ്തത്" . മാവേലി അടുത്ത് വന്നു ചേർത്തു പിടിച്ചു അനുഗ്രഹിക്കും. എല്ലാവരുടേയും മുന്നിൽ നിന്ന് ചെയ്യുമ്പോ കണ്ണ് അറിയാതെ നനയും.
കൂട്ടുകാരെയൊക്കെ കൂട്ടി പൂക്കളം എല്ലാം കണ്ട് വീട്ടില്‍ വന്ന് വിലയിരുത്തും. 'ഇത്തവണ ഫശ്സ്റ്റ് പ്രയിസ്സ് കണ്ടോത്ത് പോകുമെന്നാ തോന്നുന്നെ, നമ്മുടെ പൂക്കളത്തിന് ഒരു എടുപ്പ് പോരാന്ന് പിള്ളാര് പറയെന്നെ'. പിന്നെ റിസല്‍ട്ടറിയുന്നത് വരെ ടെന്‍ഷനാണ്.
ഗ്ലാസ് സെറ്റോ അല്ലെങ്കില്‍ പ്ലയിറ്റ് സെറ്റോ ആയിരിക്കും മിക്കവാറും സമ്മാനം. സമ്മാനദാന പരിപാടികളില്‍ ഏറ്റവും അവസാനത്തെ ഇനമായിരിക്കും ഇത്. നാട്ടിലെ ആദരീയണീയനും ഓഫീസുദ്യോഗങ്ങളില്‍ തലപ്പത്തിരിക്കുന്ന ബി.ഡി.ഓ ഓഫീസര്‍ അനന്താട്ടനായിരിക്കും മിക്കവാറും സമ്മാനദാനം നടത്തുക. പനക്കാടൻ കുളത്തിനരികത്ത് കെട്ടിയ സ്റ്റേജിൽ വച്ചായിരിക്കും സമ്മാനദാനം. വള്ളി ട്രസറൊക്കെയിട്ട് സമ്മാനം കൈ നീട്ടി വാങ്ങുന്ന ബാല്യം ഓർമ്മയിൽ വരുന്നു.
പിന്നീട് വന്ന ഏതൊ കര്‍ക്കിട മാസത്തെ ഒരു ത്രിസന്ധ്യക്ക് പാനുണ്ട വായനശ്ശാലക്ക് പൊകുന്ന വഴി മോഹനാട്ടനെ പാമ്പ് കടിച്ചു.അത് ഒരു മരണത്തിലേക്കുള്ള യാത്രയായിരുന്നു. മരണമെന്ന സത്യത്തെ അറിഞ്ഞു വരുന്ന കാലമായിരുന്നു. വിറങ്ങലിച്ച ശരീരത്തെ നോക്കി കരയാനാവാതെ ഞാനിരുന്നു. വരകളും നുറുങ്ങ് സാഹിത്യവുമായി നടന്നിരുന്ന ഒരു നല്ല സഹചാരിയെ നഷ്ടമായി എന്നനെനിക്ക് തോന്നി. കാർട്ടൂണുകളും പത്ര പ്രസിദ്ധീകരണങ്ങളും നിന്നു. ഓണ നാളുകളിൽ മോഹനാട്ടനും പിന്നെ രഘുപ്പാപ്പനും കൂടിയുള്ള വരകളും സാഹിത്യങ്ങളും സംഗീതങ്ങളും നിറഞ്ഞ കൂടി ചേരലുകൾ അന്യം നിന്നു. തമ്പുരാൻ കുന്നിൻ മേലെ കയറി തേളിഞ്ഞ ആകാശത്ത് നോക്കി എത്ര സായാഹ്നങ്ങള്‍. എല്ലാം ഇന്നലകളുടെ മറവിൽ പോയൊളിക്കുന്നു.
ഓണങ്ങളും പൂക്കളങ്ങളും പിന്നെയും കുറെ വന്നു. അവയൊക്കെ ഓരോ ചടങ്ങുകളായി തോന്നി. ഓർമ്മയിൽ നിൽക്കുന്നത് വളരെ തുച്ചം. പക്ഷെ ഓരോ തവണ ഓണം വരുമ്പോഴും പഴയ ഓർമ്മകളുടെ ആവേശവും പിന്നെ കൂടി ചേരലും എല്ലാവരിലും ഒരു പുത്തനുണർവ് പകരുന്നു അതു നമ്മെ മുന്നോട്ട് നയിക്കുന്നു...