ലോക്ക് ഡൗൺ
Vinu VD

ഏപ്രിൽ ,

ഇന്ന് ജീവിതം,

ആഴക്കിണറ്റിലേക്കു വീണു പോയ ,

ഒരു പ്ലാവിലത്തുമ്പിൽ ,

പിടഞ്ഞിരിക്കുന്ന , 

ചോണനുറുമ്പ് ...

പ്രത്യാശകൾ ,

ആമസോണിന്റെ ഗഹനങ്ങളിൽ,

പാതിവെന്ത കുഞ്ഞിന്റെ,

ദേഹത്തോട് ചേർന്നിരിക്കുന്ന,

മലയണ്ണാൻ...

സ്വപ്നങ്ങളുടെ കാഴ്ചകൾ,

സഹാറയിലെ മണലിലേക്കുതിർന്ന,

രണ്ടു കണ്ണുനീർത്തുള്ളികൾ

റോമിലെ തെരുവുകളിൽ,

ഹതാശരായ ജീവനുകൾ,

വേച്ചൊടുങ്ങുന്നു,

ഇങ്ങിവിടെ,

കണിക്കൊന്നകൾ പൂത്തിറങ്ങുന്നത് ,

കീഴടങ്ങിയവരുടെ കുഴിമാടങ്ങളിലേക്ക് ...

മാന്തളിരുകളുടെ ലഹരിയിൽ,

കുയിലുകൾ പാടുന്നത്,

ജീവിതം പണയപെടുത്തിയവരുടെ 

ചരമഗീതങ്ങൾ...

തിരസ്കരിക്കപ്പെട്ട ഗായകരുടെ ,

ആത്മവിലാപങ്ങൾ മുഴങ്ങുന്നത് ,

പാരിസിലെ തെരുവുകളിൽ,

നിരന്നിരിക്കുന്ന 

ഭിക്ഷാപാത്രങ്ങളിൽ നിന്ന് ...

കവിതയുടെ വഴികളിൽ ,

മഞ്ഞുവീണുറയ്ക്കുന്നു ...

വാക്കുകൾ, പിറവിയിലേ ,

മരവിച്ചുറയുന്നു ...

കൊടുംകാടിനും,മരുഭുവിനും,

വ്യഥിതന്റെ കണ്ണുകളിലെ,

ആശങ്കയുടെ മുഖഭാവം...

പകലറുതിയിൽ , വിജനവീഥികളിൽ ,

മരണവണ്ടികൾ , നിരന്നു നീങ്ങുന്നു 

ഒരു തീവണ്ടി നിറയെ നഷ്ടസ്വപ്നങ്ങൾ 

മറവിയുടെ മറുലോകത്തിലേക്ക് 

കടത്തപെടുന്നു ...


നിനക്കുവേണ്ടി, ഈ കവിത,

പാതി കുറിച്ചുവയ്ക്കുന്നു ,

ഒരു പാത്രം നിറയെ പ്രതീക്ഷകൾ 

ഫ്രിഡ്‌ജിൽ എടുത്തു വച്ചിരിക്കുന്നു ,

ഞാൻ, ഒരു യാത്ര പോകുന്നു...

കാറ്റുകൾ അസ്തമിക്കുന്ന,

ദിക്കിലേക്ക് ...

കടലെടുത്ത, ഒരു തുരുത്തിന്റെ,

വിജനതയിലേക്ക് ...

മുരളുന്ന അഗ്നിപർവ്വതങ്ങളുടെ ,

മുനമ്പിലേക്ക് ...

നിലാവുദിയ്കാത്ത ,

ആഴങ്ങളിലേക്ക് ...

പർവതങ്ങളുടെ ,

ഗർവിലേക്ക് ...

പുഴകളുറക്കുന്ന ,

ചുഴികളിലേക്ക് ...

വന്കരകൾക്കപ്പുറം ,

മഞ്ഞുറയുന്ന, 

തീഷ്ണതകളിലേക്ക് ...

ചേതനയെ, ഞാൻ, 

മേയാൻ വിടുന്നു,

ആഫ്രിക്കയുടെ വന്യമായ 

പച്ചപ്പരപ്പുകളിലേക്ക് ...

ശാന്ത സമുദ്രത്തിന്റെ ,

അടിത്തട്ടിലെ,

മണലാരണ്യങ്ങളിലേക്ക് ...

നീ വരുമ്പോൾ ,

പ്രതീക്ഷയുടെ 

മെഴുതിരികൾ കരുതുക,

ദൈവങ്ങൾ ഇറങ്ങിപ്പോയ 

അൾത്താരകളിൽ 

അവ തെളിയിച്ചു നിർത്തുക,

ഇനിയും പൊലിയാത്ത ,

ജീവിതങ്ങൾക്ക് ,

ഒരാമുഖമെന്നപോലെ .......

------------------------------------------------

വിനു,

വിഷുദിനം (ഏപ്രിൽ 14 ) 2020

ഒരു കൂട്ടം തരികിടകളുടെ ചിന്ന കമ്മ്യൂണിറ്റി 
Sign in to leave a comment
ക്രിസ്തീയ ഗാനം
സാംസൺ